ഗ്രാമസഭ / വാർഡ് സഭ
ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ. ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭ/വാർഡ് സഭയിലെ അംഗമാണ്.
വാർഡ് മെമ്പർമാരും വാർഡ് കൗൺസിലർമാരും യഥാക്രമം ഗ്രാമസഭകളുടെയും വാർഡ് സഭകളുടെയും കൺവീനർമാരാണ്. ആവശ്യമായ സാഹചര്യങ്ങളിൽ മറ്റൊരു വാർഡംഗത്തെ കൺവീനറായി നിയമിക്കാം.
ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് സഭയിൽ മുനിസിപ്പൽ ചെയർപേഴ്സണും അദ്ധ്യക്ഷത വഹിക്കുന്നു. അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി ചെയർപേഴ്സൺ അല്ലെങ്കിൽ കൺവീനർ ചുമതല നിർവഹിക്കും.
യോഗങ്ങൾ വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വം കൺവീനർ കൂടിയായ വാർഡ് അംഗത്തിനാണ്.
ആകെ വോട്ടർമാരുടെ 10% ആണ് ക്വാറം. ക്വാറം തികയാതെ മാറ്റിവെച്ച യോഗം വീണ്ടും ചേരുമ്പോൾ ക്വാറം 50 അംഗങ്ങളായിരിക്കും.
ഒരു വാർഡിലെ 10% വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം പ്രത്യേക ഗ്രാമസഭ/വാർഡ് സഭ വിളിച്ചു ചേർക്കേണ്ടതാണ്.
ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥൻ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയും കൺവീനറെ സഹായിക്കുകയും ചെയ്യും.
യോഗത്തിന് മുമ്പോ യോഗത്തിനിടയിലോ അംഗങ്ങൾക്ക് ചോദ്യങ്ങളും നിർദ്ദേശങ്ങളും എഴുതി സമർപ്പിക്കാം.
ഗ്രാമസഭയുടെ/വാർഡ് സഭയുടെ അധികാരപരിധിയിലുള്ള വിഷയങ്ങളിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയങ്ങൾ പാസാക്കാവുന്നതാണ്.
- വികസന പദ്ധതികൾക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുക.
- പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി മുൻഗണന നിശ്ചയിക്കുക.
- സന്നദ്ധ സേവനവും സാമ്പത്തിക സഹായവും നൽകുക.
- തെരുവുവിളക്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർദ്ദേശിക്കുക.
- പൊതുജലവിതരണ ടാപ്പുകൾ, കിണറുകൾ എന്നിവയുടെ സ്ഥലം നിർദ്ദേശിക്കുക.
- ശുചിത്വ, ജലസേചന പദ്ധതികൾക്ക് നിർദ്ദേശങ്ങൾ നൽകുക.
- പ്രവൃത്തികളുടെ എസ്റ്റിമേറ്റ് വിവരങ്ങൾ അറിയുക.
- ഗുണഭോക്തൃ കമ്മിറ്റികളെ സഹായിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
- നടപ്പാക്കാനിരിക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങൾ ശേഖരിക്കുക.
```